Tuesday, May 31, 2005

ഒന്നാം ദിവസം

മലയാളം യൂണികോഡിലുള്ള ബ്ലോഗ്ഗുകളുടെ എണ്ണം പൊതുവെ കൂടുന്നുണ്ട്‌. പക്ഷെ അതിലെ വിഭവങ്ങളും രുചിയും വളരെ വ്യത്യാസമുള്ളതായി കാണുന്നു. പലര്‍ക്കും പലതല്ലെ ഇഷ്ടം? ചിലര്‍ക്ക്‌ കമന്റടിയ്ക്കാന്‍ മാത്രമണിഷ്ടം എന്നു തോന്നുന്നു. പഴയ ശീലം മറന്നുകാണില്ല. ചൊട്ടയിലെ ശീലം.... എന്നണല്ലൊ പഴമൊഴി. ചിലര്‍ ചാറ്റിങ്ങിനു പകരം കമന്റടിയാക്കിയിരിക്കുകയാണ്‌! ദിവസേന കാണുന്ന ആള്‍ക്കാര്‍ തന്നെയാണ്‌ എന്നുതോന്നുന്നു. എന്നാലും അതിനുശേഷം ബൂലോഗസഞ്ചാരം ഒന്നുകൂടിയില്ലേ? ട്രാഫിക്ജാം ഉണ്ടാകതിരുന്നാല്‍ മതി!
മൊത്തം നോക്കിയാല്‍ ഹാസ്യത്തിനാണ്‌ പ്രധാന്യം. മലയളികളല്ലെ? പക്ഷെ ആക്ഷേപഹാസ്യം പാടില്ല. മലയളിയ്ക്ക്‌ അതുദഹിയ്ക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു എന്നുതോന്നുന്നു. എല്ലാവരും "അല്‍പരസ"ക്കാരാണ്‌! ടിവിയിലെ കോമാളിത്തങ്ങള്‍ കോമഡിയായിക്കരുതി കുറച്ചു ചിരിച്ചു സമയം കഴിച്ചാല്‍ മതിയല്ലൊ. അവനവനെ തന്നെ ഒരു ക്രിയാത്മകവിമര്‍ശനം നടത്തിയാല്‍ നമ്മുടെ നാട്‌ എന്നോ രക്ഷപ്പെടുമായിരുന്നു. ഇതു പൊതുസ്വഭാവമാണ്‌. ഞാനും എത്രകണ്ട്‌ ഇതില്‍നിന്നും മാറി നില്‍ക്കുന്നു എന്നത്‌ സംശയാസ്പദം ആയതിനാല്‍ കൂടുതല്‍ പറയാതിരിക്കുകയാകും ഭേദം. പിന്നെ കൂറ്റുതല്‍ സമകാലിക വിഷയങ്ങളാണ്‌. പണ്ട്‌ രാവിലെ ചായപ്പീടികയില്‍ പത്രം വായിച്ചുകൊണ്ടുണ്ടായിരുന്ന ആ ചര്‍ച്ചകളില്ലെ? അതിന്റെ ഒരു
വകഭേദം. അതു നല്ലതാണ്‌.
ബൂലോഗത്തെ വിഭവങ്ങളെകുറിച്ചു പറയുകയാണെങ്കില്‍, "കുഴപ്പമില്ല" എന്ന മലയാളിയുടെ പ്രയോഗം ഓര്‍മ്മവരും. പലതും "വായിയ്ക്കബള്‍" ആണ്‌ എന്നാലും കുറച്ചുകൂടെ ആകാമയിരുന്നില്ലേ എന്ന്‌ തോന്നിപ്പോകും ചിലപ്പോള്‍. സീരിയസ്സ്‌ ആയി ഒരു കാര്യവും നമ്മള്‍ ചര്‍ച്ച ചെയ്യാറില്ല എന്നതാണ്‌ വാസ്തവം. ചിന്തയുടെ ഫോറം നല്ലതാണ്‌ ആ അര്‍ത്ഥത്തില്‍. അവിടെ കുറച്ചുകൂടി ഭേദപ്പെട്ടവര്‍ വരുന്നുണ്ടെന്നു തോന്നുന്നു. ഇതിനര്‍ത്ഥം ഇവിടെ ബൂലോഗത്തില്‍ അങ്ങനെയുള്ളവര്‍ ഇല്ല എന്നല്ല.
ഉമേഷ്‌ നല്ല ഒരു തുടക്കം തന്നിട്ടുണ്ട്‌. സ്വയം ഇംപ്രൂവ്‌ ചെയ്യാന്‍ നല്ല ഒരു അവസരം. വാചകങ്ങളുടെ ഘടനയെപറ്റി അദ്ദേഹം പറഞ്ഞകാര്യങ്ങള്‍ ആ ഒരു നില വച്ച്‌ ശരിയാണ്‌. പക്ഷെ നമ്മള്‍ എന്തിന്‌ തര്‍ക്കിയ്ക്കണം? പറഞ്ഞത്‌ അഭിപ്രായം മാത്രം. വേണമെങ്കില്‍ സ്വീകരിയ്ക്കാം എന്ന നിലയിലെഴുതരുതോ?. പക്ഷെ സംശയങ്ങള്‍ തീര്‍ക്കണം. എന്നു പറയുമ്പോള്‍ അദ്ദേഹത്തിനെന്താ വേറെ പണിയില്ല്യേ, നിങ്ങടെ തെറ്റുതിരുത്തലാണോ പണി എന്നു ചോദിച്ചാല്‍ ഉത്തരം മുട്ടും. അപ്പോള്‍ കൊഞ്ഞനം കാണിയ്ക്കേണ്ടി വരും. അതുകൊണ്ട്‌ തല്‍ക്കാലം ഇങ്ങനെ പോകട്ടെ.

19 comments:

Anonymous said...

പ്രത്യേകിച്ച്‌ "ഭവ" എന്നതിലെ തെറ്റ്‌ കാണിച്ചുതന്നപ്പോള്‍ നാണത്താല്‍ തൊലി ഉരിഞ്ഞുപോയതുപോലെ തോന്നി. ഒരു ബോധവുമില്ലാതേയണല്ലൊ ഈശ്വരാ ഞാന്‍ എഴുതുന്നത്‌!

Anonymous said...

ഹാസ്യം കഴിഞ്ഞാല്‍ പിന്നെ ടെക്നോളജിയാണ്‌ കൂടുതല്‍ ചര്‍ച്ചകള്‍ക്ക്‌ വിധേയമാകാറുള്ളത്‌.

Anonymous said...

poooooheeeeey

Paul said...

സുനില്‍,
വളരെ ശരിയാണ്‌ താങ്കളുടെ നിരീക്ഷണം. വെറുതെയൊരു "ഹായ്‌" പറഞ്ഞ്‌, "സുഖമല്ലേ" എന്നൊരു ചോദ്യമെറിഞ്ഞ്‌, തിരക്കാണെന്ന് ഭാവിച്ച്‌ നമ്മള്‍ നടന്നു പോകുന്നു. ഗൌരവമുള്ള ചര്‍ച്ചകള്‍ക്ക്‌ സമയമില്ലായ്മയാണോ പ്രശ്നം? സംഘം ചേരലുകളില്‍ നിന്ന് അവനവനിസത്തിലേയ്ക്കുള്ള ഒരു കൂടുമാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്‌ കാരണമെന്നു തോന്നുന്നു.

Kalesh Kumar said...

കമന്റുകൾ പാടില്ല എന്നാണോ സുനിലേ?

ഹാസ്യവും പാടില്ലേ? പ്രവാസിയുടെ ജീവിതത്തിൽ കൂടുതലും വേദനകളാണെന്നറിയില്ലേ? അവയൊക്കെ എഴുതി ആളുകളെ വിഷമിപ്പിക്കുന്നതിലും നല്ലത്‌ ആളുകളെ ചിരിപ്പിക്കാൻ ശ്രമിക്കുന്നതല്ലേ? "ആളുകളെ കരയിപ്പിക്കാൻ എളുപ്പമാ, ചിരിപ്പിക്കാനാ പാട്‌" എന്ന് ഞാൻ ആരോ വിവരമുള്ളവർ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌.

ചിന്ത ഫോറത്തിൽ ഗൌരവതരമായ ചർച്ചകളാണ്‌ കൂടുതലും നടക്കുന്നത്‌. ഗൌരവതരമായ ചർച്ചകൾ തീർച്ഛയായും വേണം.

Anonymous said...

ചങ്ങാതിമാരേ, ഇതു വളരെ പണ്ടത്തെ പോസ്റ്റ് ആണ്! എന്നാലും ചില കാര്യങ്ങള്‍ ഇപ്പോഴും സത്യമാണ് എന്നതു വേറേകാര്യം. കലേഷേ, ചിരിപ്പിക്കാന്‍ പാടൊന്നുമില്ലാന്ന്‌ നമ്മുടെ ചില ചാനലുകള്‍ നമുക്കു കാണിച്ചുതരുന്നില്ലേ?അതുകൊണ്ടല്ലേ നാം എപ്പോഴും ചിരിച്ചുകൊണ്ടുനടക്കുന്നത്? പ്രതികരിക്കേണ്ടിടത്ത് അതുപോലെ പ്രതികരിക്കണം കലേഷ്, വെറുതെ ചിരി,ചിരി എന്നുപറഞ്ഞുനടന്നിട്ടെന്തു കാര്യം? കമന്‍റുകള്‍ വേണം കലേഷ് പക്ഷെ എഴുതിയ വിഷയത്തെകുറിച്ചായാല്‍ നല്ലത് എന്നുമമത്രമേ ഞാന്‍ കരുതിയുള്ളൂ. അവനവനിസത്തിലേക്കു മാറുമ്പോഴും പ്രതികരിക്കാം പോള്‍, പക്ഷെ നമ്മുടെ പ്രതികരണ ശേഷി ആരോ മോഷ്ടിക്കുന്നില്ലേ എന്നാണെന്‍റെ സംശയം. അഥവാ പ്രതികരിക്കുമ്പോഴൊക്കെ നമ്മെ ആരോ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നു. അപ്പോഴൊക്കെ നമ്മെ അവറ് ഓര്മ്മിപ്പിക്കുന്നു നീ മാത്രം ഇങനെ പറഞിട്ടെന്തുകാര്യം? എല്ലാവരും അങനെ ചിന്തിക്കണ്ടേ എന്ന്. ശരിയല്ലേ? -സു-

Paul said...

പ്രതികരണശേഷി ഇല്ലാതാകുന്നിടത്താണ് അവനവനിസം പൂര്‍ണ്ണമാകുന്നത്. ശരിയല്ലേ?

“താനായി തന്റെ പാടായി. അങ്ങു ചുരുങ്ങുകയാണ്‌ എല്ലാവരും. ഞാനും എന്റെ കെട്ടിയോളും എന്റെ കുട്ടിയോളും മതി.“ ബാക്കി ഇവിടെ വായിക്കുക:
അതിഥികളെ ആവശ്യമുണ്ട്‌

Anonymous said...

ശരിയാണ് പോള്‍. വളരെ ശരി. ഇതു സമ്മതിച്ചുകൊണ്ട് നമുക്കും ഈ വഴിതന്നെ പിന്തുടരാം അല്ലേ? എവിടേയാ കുഴപ്പം? ഭിന്നിപ്പിച്ച് ഭരിക്കുക എന്ന പഴയ തന്ത്രം ഭിന്നത എന്ന പേരുമാറ്റി സ്വാതന്ത്ര്യം എന്ന നവനാമം നല്കി, നാം അതു വിശ്വസിച്ചു. തോലന്‍റെ പഴയ ആ കവിതയില്ലേ? അതിലെ രാജ്ഞി പോലെ സംസ്ക്ര്^തത്തിലെഴുതിയപ്പോള്‍ കേമമായി എന്നു വിഡ്ഡികള്‍ നാം വിശ്വസിച്ചു. ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ? ഇല്ലായിരിക്കാം. പക്ഷെ പ്രക്ര്^തി അതിന്‍റെ Entropy എപ്പോഴും സൂക്ഷിക്കും. അതിനാൽ അസ്തമിക്കാത്ത പ്രതീക്ഷ അതെൻകിലും കാത്തു സൂക്ഷിക്കുക.-സു-

Paul said...

അങ്ങനെ ഞാന്‍ പറഞ്ഞോ സുനിലേ? അവനവനിസത്തെ പിന്തുണയ്ക്കുകയായിരുന്നില്ല എന്‍റെ ഉദ്ദേശ്ശ്യം. സുനിലെഴുതിയതു പോലെ “നീ മാത്രം ഇങ്ങനെ പറഞ്ഞിട്ടെന്തു കാര്യ”മെന്ന ചോദ്യം ഒരുപാട് കേട്ടിട്ടുള്ളതു കൊണ്ട് പറയാം. ആ ചോദ്യം ഒരിക്കലും ഇല്ലാതാകില്ല. ആ ചോദ്യത്തെ പ്രതിരോധിയ്ക്കാന്‍ സംഘം ചേരലുകളാണ് നല്ലതെന്നാണ് എന്‍റെ അനുഭവം. ഒറ്റയ്ക്ക് എത്ര യുദ്ധങ്ങള്‍ ജയിക്കും?

Anonymous said...

സംഘംചേരലുകള്‍ തന്നെ ആണ് ഇതു പ്രതിരോധിക്കാന്‍ ഉള്ള ആയോധനമുറ. സമ്മതിച്ചു. അങ്ങനെ ഒരു സംഘത്തില്‍ ജനിച്ചുവളര്‍‍ന്ന എനിക്ക് എതിരഭിപ്രായം വരാന്‍ ഇടയില്ല. പക്ഷെ, ചെറുതുകള്‍ വലുതായി ഒരു പ്രത്യേകനിമിഷത്തില്‍ വിഘടിച്ച് വീണ്ടും ചെറുതുകളിലേക്കെത്തും എന്ന അനുഭവവും എനിക്കുണ്ടായി. കൂട്ടുകുടുംബം തര്‍‍ന്ന അവസ്ഥയാണ് ഞാന്‍ ഉദ്ദേശിച്ചത്. ഒരു പക്ഷെ അതുകൊണ്ടായിരിക്കാം എനിക്കു തോന്നുന്നത് ഇന്നത്തെ അവസ്ഥ കൂട്ടത്തില്‍ നിന്നും ചെറുതിലേക്കുള്ള പ്രയാണമാണെന്ന്. ഇതു ശാശ്വതമായ അവസ്ഥയാണെന്നും ഞാന്‍ വിശ്വസിക്കുന്നില്ല പോള്‍. അതുകൊണ്ടാണ് ഞാന്‍ entropy keep ചെയ്യും എന്നു വിശ്വസിക്കുന്നത്. ഈ വിശ്വാസം മാത്രമേ എനിക്കിപ്പോള്‍ ഒരാലംബം ഉള്ളൂ. ഒരു പക്ഷേ വിഘടനം ഇന്നത്തെ അവസ്ഥയില്‍ പ്രോത്സാഹിപ്പിക്കുക വഴി വീണ്ടുമൊരു കൂട്ടായ്മയിലേക്കുള്ള ദൂരം കുറക്കുകയായിരിക്കും അല്ലേ? എന്‍റെ ഒരു സംശയം മാത്രം. തെറ്റിലും ശരിയിലുമൊതുങാത്ത ഈവക സംശയങ്ങള്‍ ഒരു നാള്‍ നമ്മെ ശരിയായ മാര്‍ഗ്ഗത്തിലേക്കു നയിക്കും. അതിനും ചിന്തിച്ചിരുന്നു സമയം കളഞിട്ടു കാര്യമില്ല, പ്രവര്‍ത്തിക്കണം, പ്രതീക്ഷകളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട്, അങ്ങനെയല്ലേ? എന്‍റെ വര്‍ത്തമാനം കാടുകയറി, ഉദ്ദേശിച്ച കാര്യം മനസ്സിലായോ എന്നറിയില്ല. ഇപ്പോള്‍ ശൂന്യതയാണ് മുന്‍പില്‍ എന്നുകൂടി തോന്നുന്നു.

Anonymous said...

പോള്‍ അങനെ പറഞൂ എന്ന് ഞാന്‍ ഉദ്ദേശിച്ചില്ല, പറഞതുമില്ല. പക്ഷെ ശൂന്യത മുന്‍പില്‍ കാണുമ്പോള്‍ അവിടെ കോപത്തിനോ ദു:ഖത്തിനോ എന്‍റെ മനസ്സില്‍ സ്ഥാനം കാണുന്നില്ല, അപ്പോള്‍ ഒരു സ്വയം പരിഹാസം ആണ് ഞാനവിടെ നടത്തിയത്. അങ്ങനയേ എന്‍റെ മനസ്സില്‍ വരൂ പോള്‍.

aneel kumar said...

ജ്വാലിയൊക്കെ കുറച്ചുനേർത്തേയ്ക്ക് നീക്കിയങ്ങോട്ടു വച്ചിട്ട് ആത്മഗതം ("ഒന്നാം ദിവസം") ഒന്നിരുത്തി വായിച്ചു.
കമന്റുകളാകെയൊന്നു വായിച്ചപ്പോഴേയ്ക്കും ഞാനാത്മഗതം ചെയ്യാനുള്ള പരുവത്തിലായി.

പിന്മൊഴിവഴി ഈ ചർച്ച മുന്നോട്ടുപോയാൽ എങ്ങുമെത്തില്ല സുനിലേ. പോളും കൂടി മുൻകൈ എടുത്ത് ഇത് ചിന്തയുടെ ഒരു ‘നൂലിൽ‘ ഇടുക.
ഇതുമാത്രമല്ല ഇത്തരം തലനാരിഴകീറലുകൾ എല്ലാം നടത്താൻ അത്തരമൊരിടമാവും നല്ലത്.
അല്ലേ?
അല്ല എന്നുണ്ടെങ്കിൽ എന്നെപ്പോലുള്ള റ്റ്യൂബ് ലൈറ്റുകൾ സ്റ്റാർട്ടർ പോയി അണഞ്ഞുതന്നെ കിടക്കും.

രാജ് said...

ഈ സംഭവം കാണാൻ താമസിച്ചുപോയി. ഒരിക്കൽ ഞാനെഴുതാൻ തുനിഞ്ഞത് സുനിൽ എഴുതി തുടങ്ങി, പലതുകൊണ്ടും യോജിക്കുന്നു, പലതിലും വിയോജിക്കുന്നു.

പോളിന്,
ചിന്തയിൽ സംവാദം സ്ഥിരായി വായിക്കുവാറുണ്ട്, മലയാളം ബ്ലോഗുകളെ കുറിച്ച് ഒരു ത്രെഡ് അവിടെ ഇടണമെന്ന് കരുതിയതുമാണ്. ചിന്തയിൽ ശിവന്റെയും മറ്റുള്ളവരുടെയുമെല്ലാം നിലവാരത്തിൽ എഴുതാൻ കഴിയാത്ത പ്രശ്നത്താൽ അത് പിന്നത്തേക്ക് മാറ്റി വച്ചു. എന്തായാലും തിരക്കൊഴിയുന്ന മുറയ്ക്ക് ചിന്തയിൽ ആക്ടീവ് ആകുവാൻ മോഹമുണ്ട്.

ആശംസകൾ

Paul said...

അനിലേ, ഐഡിയ കൊള്ളാം. ചില വിഷയങ്ങള്‍ക്ക്‌ സംവാദം പോലൊരു ഫോറമാണ്‌ നല്ലതെന്ന് എനിക്കും തോന്നാറുണ്ട്‌. സ്വന്തം ബ്ലോഗില്‍ ഒരു ചെറിയ പോസ്റ്റ്‌ ചെയ്തിട്ട്‌, സംവാദത്തിലേയ്ക്ക്‌ ലിങ്ക്‌ ചെയ്യുകയുമാവാം.

പെരിങ്ങോടരെ, അറച്ചു നില്‍ക്കാതെ സംവാദത്തില്‍ പങ്കു ചേരൂ.. താങ്കളുടെ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

Anonymous said...

സത്യത്തില്‍ ഇവിടെ ഇപ്പോ നടന്നത് ഈ നൂല്‍ മുറിക്കലാണ്. സാരല്യ എങ്കിലും. പോളടക്കം എല്ലാവരും തിക്ച്ചും തമാശയായി എടുക്കും എന്ന മുന്‍ കൂറ്‍ ധാരണയോടെ ഒരു കാര്യം പറയട്ടെ. പോളിന്‍റെ ചിന്ത “ഷോപ്പിങ് കോമ്പ്ലക്ക്സി“ല്‍ ഞാനും ഒരു പലചരക്കു കച്ചവടം തുടങിയിട്ട് കുറച്ചു ദിവസമായി. ജാലകത്തിലൂടെ അതു കാണമെങ്കിലും ബൂലോഗത്തില്‍നിന്നധികമാരും ആ വഴിക്ക് വരുന്നതുകാണാറില്ല. അപ്പോ കച്ചവടം നടത്തുക എന്ന എന്‍റെ ഉദ്ദേശസാധ്യത്തിന് സ്വതന്ത്ര്യമായി ഇവിടെ ഈ വഴിവക്കില്‍, “കണ്ട കുണ്ട് (കുഴി) വൈകുണ്ടം” എന്ന നിലക്ക്‌ ഒരു പെട്ടിപീടിക തുറന്നു. പെട്ടിപീടിക എന്‍റെ അവസ്ഥക്ക് യോജിച്ചതല്ല എന്ന ഒരു ഭള്ള് ഉണ്ട്. അതിനാല്‍ എന്നാള്‍ കഴിയുന്നതും ഈ വഴിക്കുവരുന്നവരോട് ചിന്തയുടെ കാര്യം പറയാറുണ്ട്. അവര്‍ തലകുലുക്കി സമ്മതിക്കുമെങ്കിലും വഴിമാറി ചവിട്ടാന്‍ ചിലര്‍ക്ക് ഒരു പേടിയുണ്ടെന്നു തോന്നുന്നു. അതുമാറ്റാന്‍ കുറച്ചു ലൈറ്റുകളിടാന്‍ ഉള്ള എന്‍റെ ഒരു ശ്രമത്തിന്‍റെ ഭാഗമാണ് ഇത്. അതിനു ഫലം കണ്ടു അനിലിന്‍റെ കമന്‍റിലൂടെ. താമസിയാതെ ഞാന്‍ അവിടേക്ക്‌ മാറാം, നിങ്ങള്‍ വരുമെങ്കില്‍.

Paul said...

ക്ഷമിക്കുക, നൂലിഴ മുറിച്ചതിന്‍.

വഴി മാറ്റിച്ചവിട്ടാന്‍‍ ആളുകള്‍ക്ക് പേടിയോ? അതു ഞാനറിഞ്ഞിരുന്നില്ല...

Anonymous said...

ക്ഷമ ഇത്യാദികള്‍‍ക്കൊന്നും വലിയ സ്ഥാനം ഞാന്‍ കാണുന്നില്ല. നമ്മള്‍ രണ്ടുപേരുടേയും ഉദ്ദേശം ഒന്നായതിനാല്‍ പ്രത്യേകിച്ചും. നൂലിഴ പൊട്ടണമായിരുന്നു ഒരു നിമിഷം, അതായിരുന്നല്ലൊ ഉദ്ദേശം.
പേടി അല്ല എങ്കിലും, പെരിങ്ങോടന്‍ പറഞ്ഞതിനെന്താ അര്ഥം? (അദ്ദേഹത്തിന്‍റെ ശങ്കയ്ക്ക് യാതൊരു ലോജിക്കും ഞാന്‍ കാണുന്നില്ല)പേടി എന്ന പദപ്രയോഗം എന്‍റെ കഴിവുകേടിനെ കാണിക്കുന്നു. പലപ്പോഴും സംഭവിക്കാറുള്ളതാണത്. നമുക്കിവിടെ നിര്‍ത്താം, ബാക്കി അവിടെ കാണാം.
-സു-

Kalesh Kumar said...

ചർച്ച സംവാദത്തിലോട്ട്‌ മാറ്റിയോ? സംവാദത്തിലെവിടെയാ?

Anonymous said...

http://www.chintha.com/forum/viewtopic.php?p=176&sid=bad108ec7b884f50092c3754ce447001#176

ദാ ഈ ലിങ്ക് നോക്കൂ ഇവിടെ അതു കാണാം. “വായിക്കുക, വരിക്കാരാകുക” -സു-