പണ്ട് പണ്ട് പത്ത് മുപ്പത് കൊല്ലങ്ങള്‍ക്കുമുമ്പ്, ഭൂമിയും ആകാശവും ഉള്‍പ്പെട്ട ഉത്സവകാലമായിരുന്ന ബാല്യകാലം.
കൂട്ടുകുടുംബം, വലിയ തറവാട്.
ധാരാളം ആളുകള്‍ നിത്യേന സന്ദര്‍ശകര്‍. എല്ലാവരും വളരെ നല്ലവര്‍.
അങ്ങനെ അറബി മാഷ് എന്ന് ഞങ്ങള്‍ വിളിക്കുന്ന മൗലവിജി എന്ന് അച്ഛനും വല്യച്ഛനും മറ്റുള്ളവരുമൊക്കെ വിളിക്കുന്ന എന്റെ അറബി മാഷ് ഒരു ദിവസം ഞങ്ങളുടെ കണക്ക് ട്യൂഷന് മാസ്റ്ററായി ഇല്ലത്തു വന്നു. മാഷ് ഞങ്ങളുടെ നാട്ടുകരാനല്ലായിരുന്നു. പക്ഷെ അച്ഛനും വല്ല്യച്ഛനും ജോലിചെയ്യുന്ന സ്കൂളില്‍ അറബി മാഷായി വന്നതാണ്. (ഞാന്‍ പഠിച്ച സ്കൂളും ഇതുതന്നെ.) പിന്നീട് ഞങ്ങളുടെ നാട്ടില്‍ സ്ഥിരതാമസക്കാരനായി.
കണക്കിന് സ്വതേ അത്ര മോശക്കാരനല്ലാതിരുന്നിട്ടുകൂടി ഞാനും മാഷ്ടെ ട്യൂഷന് ക്ലാസ്സില്‍ ചേര്‍ന്നു. ഇല്ലത്തെ പത്തായപ്പുരയിലായിരുന്നു ക്ലാസ്സ്. ഞങ്ങള്‍ ബാലന്മാരുടെ താവളവും അതുതന്നെ.
മാഷ് ഒരിക്കലും ശാസിച്ചിരുന്നില്ല. എത്ര തവണ വേണമെങ്കിലും വിശദീകരിച്ചു തരും. മാഷ്ടെ ക്ഷമയും സാത്വികഭാവവും ആയിരുന്നിരിക്കാം ഞങ്ങള്‍ കുട്ടികള്‍ക്ക് മാഷെ ഇഷ്ടപ്പെടാന്‍ കാരണം.
പലപ്പോഴും മാഷ് തന്റെ പൂര്‍വ്വകാലം പറഞ്ഞു തന്നിരുന്നു. സയന്‍സ് ആയിരുന്നു മാഷക്ക് ഏറ്റവും വലിയ പ്രശ്നം. ഭൂമിപരന്നെതെന്ന് മദ്രസയിലും സ്കൂളില്‍ തിരിച്ചും. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ "സ്മാരകശിലകള്‍" വായിച്ചപ്പോള്‍ കൂടുതല്‍ ഇക്കാര്യങ്ങള്‍ മനസ്സിലായി. അതെന്തായാലും ഈ വൈരുദ്ധ്യമാണോ ദാരിദ്ര്യമാണോ നാലാം ക്ലാസ്സില്‍ പഠിപ്പ് നിര്‍ത്താന്‍ മാഷെ പ്രേരിപ്പിച്ചത് എന്ന് ഞങ്ങള്‍ കുട്ടികള്‍ ആലോചിച്ചിരുന്നില്ല. അത് ഞങ്ങളുടെ പ്രശ്നമേ ആയിരുന്നില്ല. വയസ്സിന് മൂത്തതായിരുന്നെങ്കിലും പലപ്പോഴും ഞങ്ങളിലൊരുവനായിരുന്നു മാഷ്. അതുകൊണ്ട് ബഹുമാനം കൂടിയതേ ഉള്ളൂ.
ഇല്ലത്ത് ധാരാളം ആളുകള്‍ നിത്യേന സന്ദര്‍ശകരായുണ്ടായിരുന്നെങ്കിലും ഒരാളെ മറ്റൊരാളില്‍ നിന്ന് വേര്‍തിരിച്ചു കാണാന്‍ ഞങ്ങള്‍ക്കറിയുമായിരുന്നില്ല. അതൊന്നും ആരും ഞങ്ങളെ പഠിപ്പിച്ചിരുന്നുമില്ല.
ഇല്ലത്ത് സ്ഥിരം ശീട്ടുകളിക്കാന്‍ വന്നിരുന്ന ഹസ്സന് മാഷെ കണ്ട് ഞങ്ങളുടെ ബന്ധുക്കളായ സന്ദര്‍ശകര്‍ പറയുമായിരുന്നു, ഇദ്ദേഹം ഒരുനാള്‍ നമ്പൂരിയാവുമെന്ന്. അതെന്താണെന്ന് ഞങ്ങള്‍ ഒരിക്കലും ആലോചിച്ചിരുന്നില്ല. വല്യച്ഛന്റേയും അച്ഛന്റേയും ഒക്കെ കിടയിലുള്ള ആളാണെന്നതിനാല്‍ ബഹുമാനിക്കണം എന്നുമാത്രമേ അറിയാവൂ. തെക്കിണിവരെ വന്ന് അവരുടെ കൂടെ ഊണുകഴിക്കുമായിരുന്നെങ്കിലും അതിനപ്പുറം എന്തുകൊണ്ടവര്‍ വരുന്നില്ല എന്നൊന്നും ഞങ്ങള്‍ക്കറിയുമായിരുന്നില്ല. കുളിക്കാതെ ഞങ്ങള്‍പോലും ശ്രീലാകത്തിന്റെ പരിസരത്തു വന്നാല്‍ മുത്തശ്ശ്യമ്മമാര് ചീത്തപറയും. അപ്പോ പിന്നെ കൂടുതല്‍ എന്താലോചിക്കാന്‍?
അറബി മാഷ് എനിക്ക് പത്താം ക്ലാസ്സുവരെ കണക്കിന് ട്യൂഷന് എടുത്തു. കണക്ക് എന്നൊന്നുമില്ല, മറ്റേതു വിഷയമാണെങ്കിലും ഞങ്ങള്‍ ജോയന്റ് സ്റ്റഡി നടത്തി എന്ന് പറയാം. കുറച്ചു ഒഴിവുസമയം കിട്ടിയാല്‍ അച്ഛനും മറ്റും ഉമ്മറത്തിരിക്കുന്നുണ്ടെങ്കില്‍ സ്കൂളുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യും, അല്ലെങ്കില്‍ സ്കൂളിലെ കണക്കു പുസ്തകങ്ങളില്‍ തലപൂഴ്ത്തി ഇരിക്കും. അതുകഴിഞ്ഞാല്‍ സ്ഥലത്തെ പള്ളിയില്‍ ബാങ്കുവിളിക്കാന്‍ പോകും. അപ്പോള്‍ "മാപ്ല തൊള്ളട്ടു, കുളത്തില്‍ പോകട്ടെ" എന്നാണ് മുത്തശ്ശ്യമ്മ പോലും പറയുക.
കാലം കഴിഞ്ഞു. ബാല്യകാലവും ഉത്സവക്കാലവുമെല്ലാം മാറി. നാട്ടില്‍ പോകുന്ന സമയത്ത് ഇപ്പോഴും മാഷെ ദൂരെ കണ്ടാല്‍ പോലും അറിയാതെ എഴുന്നേറ്റ് മടിക്കുത്തഴിച്ച് നില്ക്കും. ധാരാളം വര്‍ത്തമാനം പറയും. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാണും. എന്റെ വിശ്വാസങ്ങളും മാഷ്ടെ വിശ്വാസങ്ങളും തമ്മില്‍ ഒരിക്കലും ഒരു തവണപോലും കലഹമുണ്ടായിട്ടില്ല. മാത്രമല്ല മുത്തശ്ശ്യമ്മയുടെ ദിനചര്യക്കുപൊലും ഒരു പരസ്പര ആശ്രതിത്വം ഉണ്ടായിരുന്നു.
റിയാദിലാണ് ഞാന്‍ എന്ന് മാഷക്കുമാത്രമല്ല എന്നെ അറിയുന്ന നാട്ടുകാര്‍ക്കൊക്കെ അറിയാം. ധാരാളം നാട്ടുകാര്‍ ഇക്കാലയളവില്‍ ഹജ്ജ് ചെയ്തു പോയി. ഇക്കൊല്ലം ഹജ്ജ് സീസണില്‍ മാഷ് ഹജ്ജ് ചെയ്യാന്‍ വന്നിരിക്കുന്നു. ബഹുമാന്യരായ ഒരു നാട്ടുകാരനെങ്കിലും എന്നേയോ എന്റെ കുടുംബാംഗങ്ങളേയോ അറിയിച്ചിട്ടില്ല സൗദി സന്ദര്‍ശന വിവരം. ഒരു പക്ഷെ എന്റെ പ്രശ്നമായിരിക്കാം അതെന്ന് ഞാനെപ്പോഴും സമാധാനിക്കും. പക്ഷെ ഇത്തവണ എന്തോ എനിക്ക് സമാധാനിക്കാന്‍ കഴിയുന്നില്ല. മാഷ് എന്നെ വിവരമറിയിച്ചിരുന്നെങ്കില്‍ ഒന്നു പോയി കാണാമായിരുന്നു എന്നൊരു തോന്നല്‍. അല്ല വിഷമം.
ബക്രീദ് പ്രമാണിച്ച് എനിക്ക് ഓഫീസില്‍ അവധിയൊന്നുമുണ്ടായിരുന്നില്ല. എല്ലാം പതിവുപോലെ. വൈകുന്നേരം വന്ന് തെക്കും വടക്കും നടക്കുന്നതിനിടയില്‍ കുറച്ച് പാട്ട് കേള്‍ക്കാമെന്നു കരുതി, രുഗ്മാംഗദ ചരിതം വെച്ചു. ഇബ്രാഹിം നബിയുടെ കഥ അല്‍പ്പം അറിയാമായിരുന്നതിനാല്‍ റൂം മേറ്റിനോട് ചോദിച്ച് കൂടുതല്‍ മനസ്സിലാക്കി. രുഗ്മാംഗദ ചരിതവും ഇക്കഥയും തമ്മിലുള്ള സാജാത്യം ഞാന്‍ അറിഞ്ഞു.
ഇത്തരം വിവിധ സംസ്കാരങ്ങള്‍ തമ്മിലുള്ള ബന്ധം യാദൃശ്ചികമായി എങ്കിലും എനിക്ക് നിരീക്ഷിക്കാന്‍ തോന്നാറുണ്ട്. അത്ഭുതം ഒട്ടുമേ തോന്നാറില്ല. അതൊക്കെ അങ്ങനെയാകണം എന്നാണ് തോന്നാറുള്ളത്.
പുതിയ കവികളുടെ രീതികളാണ് ചേരാത്ത അര്‍ത്ഥങ്ങളുള്ള പദങ്ങളെ ചേര്‍ത്ത് പുതിയ അര്‍ത്ഥം സൃഷ്ടിക്കുക എന്നത്. ഒരു ഉദാഹരണം പറയാം: മണല്‍പച്ച. ഇതുപോലെയാണ് മുകളില്‍ പറഞ്ഞ സാജാത്യങ്ങളും.
ഊത്തക്കാട് വെങ്കിട സുബ്ബയ്യരും കൃഷ്ണഗാഥാകാരനായ ചെറുശ്ശേരിയും. ഉഹദ് യുദ്ധത്തില്‍ ഹിന്ദ് എന്ന സ്ത്രീ ശത്രുവിനെ കൊന്ന് അവന്റെ കരള്‍ കടിച്ച് യുദ്ധഭൂമിയാകെ അട്ടഹസിച്ച് നടന്നു എന്ന കഥ കേട്ടപ്പോള്‍ എനിക്ക് ദുശ്ശാസനവധവും രൗദ്രഭീമനും ഒക്കെയാണ് ഓര്‍മ്മ വന്നത്.
ഇതിലൊക്കെ ഞാന്‍ കാണുന്നത് നിയതമായ അക്ഷരസംഹിതകളില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയ അര്‍ത്ഥത്തെയാണ്. ഈ അര്‍ത്ഥം ലോകത്തെ ഏതു സംസ്കാരത്തിലും മതത്തിലും ഒന്നു തന്നെ.
ജനശക്തി മാസികയില്‍ ഹമീദ് ചേന്നമംഗലൂര്‍ "മാനവ സംസ്കാരം ആരുടെ സംസ്കാരം" എന്ന പേരില്‍ നല്ല ലേഖനം എഴുതിയിരിക്കുന്നു.
Subscribe to:
Post Comments (Atom)
6 comments:
എല്ലാം ഒന്നിനോടൊന്നു ബന്ധപ്പെട്ടിരിക്കുന്നു.അതറിയുന്നില്ല പലരും എന്നു മാത്രം
ആശംസകള്‍
നിങ്ങളെ ബുദ്ധിമുട്ടിക്കണ്ടായെന്നു കരുതിയായിരിക്കും മാഷ് അറിയിക്കാതിരുന്നത്.
മതങ്ങളുടെ പേരു പലതാണെങ്കിലും പറയുന്ന കാര്യങ്ങള്‍ക്ക് നല്ല സാമ്യം അല്ലേ
:)
സുനിലേട്ടനും കുടുംബത്തിനും പുതുവത്സരാശംസകള്‍!
ബ്ബ്ലോഗാം ചന്തയില്‍
പാഴ്വാക്കിനെരി വെയിലില്‍
ഒരു കുട പോലുമെടുക്കാതെ
ഞാനലഞ്ഞെത്തിയീ വഴി.
ഒരു തണ്ണീര്‍ പന്തലിലിതോ?
നിറ സംഭാരമൊരുക്കിവച്ചിരിപ്പോ.?
കുടിക്കുന്നതിന് മുമ്പന്റെ ദാഹമടങ്ങി!
ഇനിയാറ്റാമല്പ്പനേരമിവിടെ..
ഒരുരരയാലായി പടര്ന്നിരിപ്പൂ
തണലിന് ചില്ലയില്‍
അക്ഷരയിലകളനവധി-
യിഇളക്കിയാട്ടി കാറ്റേകി!
ഒരു സുഖമുണ്ടിപ്പോള്‍..
നല്ല രചന.
ഭാവുകങ്ങളോടെ...
സുനിലേട്ടാ,
സമരസപ്പെട്ടുപോകുന്ന വിശ്വാസങ്ങളും വ്യത്യസ്തങ്ങളായജീവിതശൈലികളും ഒരു നേര്‍ക്കാഴ്ച. നല്ല എഴുത്ത്. എന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍!
അയ്യോ എനിക്ക് വായിക്കാന്‍ വയ്യേ! ഈ ഫോണ്ടിന്റെ കളര്‍ ഒന്നു മാറ്റുവോ?
മാഷേ കുറിച്ചുള്ള ഓര്‍മ്മകള്‍ ഹൃദ്യമായി......
പുതുവത്സര ആശംസകള്‍
Post a Comment