Monday, October 20, 2014

Screenshot of kathakali.info

Screen shot while adding content. No body or summary fields appearing CKEditor

Thursday, August 07, 2008

ഹരദ് യാത്ര





സൗദി അറേബ്യയിലും കൃഷി ഉണ്ട്‌. പക്ഷെ നമ്മുടെ നാട്ടിലേതു പോലെ പാരമ്പര്യമായി ഉള്ളതൊന്നും അല്ല. പലതും വളരെ വലിയ മൂലധന നിക്ഷേപം നടത്തി ചെയ്യുന്നതാണ്‌.

2 ദിവസം മുമ്പ്‌ ഞാൻ അങ്ങനെ കൃഷി നടത്തുന്ന ഒന്ന്‌ രണ്ട്‌ സ്ഥലങ്ങളിൽ പോയി. അവർ ഒട്ടകത്തിനും പശുക്കൾക്കുമൊക്കെ തിന്നാനുള്ള പുല്ലാണ്‌ ഉണ്ടാക്കുന്നത്‌.

മരുഭൂമി ആണെങ്കിൽ കൂടെ ഇവിടെ വെള്ളം ഇല്ലാതില്ല. അതിന്‌ പക്ഷെ നമ്മുടെ നാട്ടിൽ ലഭ്യമായ ജലസ്രോതസ്സുകളിൽ നിന്നും വ്യത്യാസമുണ്ട്‌. ഇവിടെ രണ്ട്‌ തരത്തിൽ വെള്ളം ലഭ്യമാക്കുന്നുണ്ട്‌. ഒന്നാമതായി കടൽ ജലം ശുദ്ധീകരിച്ച്‌ ഉപയോഗിക്കുന്നു. ഇതിനായി ധാരാളം ഡീസാലിനേഷൻ പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്‌. വലിയ മുതൽ മുടക്കുള്ള പദ്ധതികളാണിവ. ഇത്തരം ജലമാണ്‌ കുടിവെള്ളമായി ഉപയോഗിക്കുന്നത്‌.


സുലഭമായ പെട്രോൾ പോലെ തന്നെ ഇവിടേയും വെള്ളം ഖനനം ചെയ്യപ്പെടുന്നുണ്ട്‌. ഫോസിൽ ജലം എന്നാണ്‌ ഇത്തരം വെള്ളതിനെ പറയുന്നത്‌. ഭൂമിയുടെ അടിത്തട്ടിലെ പാറക്കെട്ടുകൾക്കിടയിൽ ഏകദേശം പതിനായിരം മുതൽ 2 മില്യൺ വർഷങ്ങൾക്ക്‌ മുൻപെ ജലം എങ്ങനേയോ സംഭരിക്കപ്പെട്ടിരുന്നു. പ്രകൃതിയുടെ പലവിധത്തിലുള്ള കളികൾ. അത്തരം വെള്ളം അടിത്തട്ടിലെ പാറതുരന്ന്‌ പുറത്തെടുക്കുന്നു. ഖനനം ചെയ്യപ്പെടുന്നു എന്നല്ലാതെ എന്തു പറയാൻ? ഇത്തരം ജലതിനെയാൺ ഫോസിൽ ജലം എന്നു പറയുന്നത്‌. ഫോസിൽ ജലം വീണ്ടും വീണ്ടും ഉറഞ്ഞുകൂടുന്നതല്ല, മറിച്ച്‌ അവ പാത്രത്തിലെ വെള്ളം പോലെ ഒഴിച്ചു കളഞ്ഞാൽ ജലം തീരും എന്ന അവസ്ഥയാണ്‌.


സൗദി അറേബ്യയിൽ പ്രകൃതിയുടെ ഇത്തരം ജലസംഭരണികൾ ഭൂമിയുടെ അടിത്തട്ടിൽ ധാരാളമുണ്ട്‌. നാം കാണുന്ന സ്ഥലം വറ്റി വരണ്ട്‌ മരുഭൂമി തന്നെ, പക്ഷെ അടിത്തട്ടിൽ ജലസംഭരണികളിൽ ജലം ഉണ്ട്‌. അതിലെ ജലം വൃക്ഷലതാദികൾക്ക്‌ ലഭ്യമാകുന്ന തരത്തിലുള്ളതല്ല. അതിലും താഴെയാണ്‌ എന്നർത്ഥം. ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിൽ താഴേക്ക്‌ പോകണം ചിലഭാഗങ്ങളിൽ. എന്നാൽ മറ്റുചില ഭാഗങ്ങളിൽ അധികം താഴേക്കു കുഴിക്കാതെ തന്നെ ജലം കിട്ടും. ഈ ജലം നാട്ടിലെ ബോർവെൽ പോലെ കുഴിച്ച്‌ അലുമിനിയമോ ഗാൽവനൈസ്ഡ്‌ പൈപ്പുകളോ ഇറക്കി മോട്ടോർ പമ്പ്‌ ഉപയോഗിച്ച്‌ പുറത്തേക്ക്‌ പമ്പ്‌ ചെയ്യുന്നു. അതിനായി വലിയ ഒരു സെറ്റപ്‌ തന്നെ ആവശ്യമാണ്‌. പ്രധാനമായും വൈദ്യുതിയുടെ ലഭ്യത. അതിനയി കൂറ്റൻ ഡീസൽ ജനറേറ്ററുകൾ ഉപയോഗിക്കുന്നു. ഇവ ദിവസത്തിൽ 22-23 മണിക്കൂറുകൾ പണിയെടുക്കും. ഈ ജനറേറ്ററുകളിൽ നിന്നുമാണ്‌ ഫാമിലെ ജോലിക്കാരുടെ താമസസ്ഥലങ്ങളിലേക്കും ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നത്‌. റെയിൽപാളത്തിനടുത്തുള്ളവരുടെ വീടുകൾ പോലെയാണ്‌ അവരുടെ സ്ഥിതി. എപ്പോഴും ഇരമ്പം കേൾക്കാം.

ഇങ്ങനെ പമ്പ്‌ ചെയ്യപ്പെടുന്ന ജലം സെന്റർ പിവോട്ട്‌ ഇറിഗേഷൻ എന്നു പറയുന്ന സംവിധാനം ഉപയോഗിച്ച്‌ വിളനിലത്തിലേക്കെത്തിക്കുന്നു. റഷാഷ്‌ എന്നാണ്‌ ഇതിനെ നാട്ടുകാർ പറയുന്നത്‌. ഇത്‌ ഒരു തരത്തിൽ വൃത്താകാരത്തിൽ കറങ്ങിക്കൊണ്ടേയിരിക്കുന്ന ഓവർഹെഡ്‌ സ്പ്രിങ്ക്ലർ സിസ്റ്റം ആണ്‌. ബോർവെല്ലിന്റെ അറ്റത്തുനിന്നും പമ്പ്‌ ചെയ്യപ്പെടുന്ന കുഴൽ മുതൽ നീളത്തിൽ അനവധി അലുമിനിയുമോ അല്ലെങ്കിൽ ഗാൽവനയ്സ്ഡ്‌ സ്റ്റീൽ പൈപ്പുകളോ കോർത്തിണക്കി അതിനുതാഴെ കൂടെ ജലം വഹിക്കുന്ന പൈപ്പുകൾ ഇടുന്നു. ജലം വഹിക്കുന്ന പൈപ്പുകളീ‍ീൽ പലഭാഗത്തായി ഇടവിട്ട്‌ ഇടവിട്ട്‌ സ്പ്രിക്ലറുകൾ ഉണ്ട്‌. ഇവ ഓരോന്നും പ്രത്യേകം പ്രത്യേകം ജലപ്രവാഹം അഡ്ജസ്റ്റ്‌ ചെയ്യാവുന്ന തരത്തിലുള്ളതാണ്‌. അലൂമിനിയം പൈപ്പുകൾ സത്യത്തിൽ ജലവാഹിനി പൈപ്പുകൾക്കുള്ള ഒരു താങ്ങാണ്‌. ഓരോ സ്റ്റീൽ പൈപ്പുകൾക്കും രണ്ടറ്റത്തും ചക്രങ്ങൾ ഘടിപ്പിച്ചിരിക്കും. ഈ ചക്രങ്ങൾ അവയെ താങ്ങിനിർത്തുന്നതോടൊപ്പം വൃത്താകാരത്തിൽ കറങ്ങാനും സഹായിക്കുന്നു. ഒരു പൈപ്പ്‌ ഒരു ടവർ എന്നാണിവർ പറയുന്നത്‌. അങ്ങനെ ഒരു റഷാഷിൽ 8 മുതൽ 12 വരെ ടവറുകൾ ഉണ്ടായിരിക്കാം. ഏകദേശം 400 മീറ്റർ നീളം വരെയുള്ള റഷാഷുകൾ ഉണ്ട്‌. ടവറുകളുടെ എണ്ണം സ്ഥലത്തെ ജലലഭ്യതയ്ക്കനുസരിച്ചായിരിക്കൂം. ഒരു ടവറിന്റെ രണ്ടറ്റത്തുമുള്ള ടയറുകൾക്ക്‌ (ട്രാക്ടറിന്റെ ടയറുകളേപ്പോലെയാണവ) പ്രത്യേകം പ്രത്യേകം ഗിയറുകൾ ഉണ്ട്‌. ഈ ഗിയറുകളെല്ലാം തന്നെ പ്രത്യേകം പ്രത്യേകം അഡ്ജസ്റ്റ്‌ ചെയ്ത്‌ ടവറിന്റെ വൃത്തത്തിലുള്ള ചലനവേഗം നിയന്ത്രിക്കാവുന്നതണ്‌.


സൗദി അറേബ്യയിലെ കൃഷിസ്ഥലങ്ങളുടെ പകുതിയിലധികവും റിയാദ്‌, ഖസീം (സ്ന്റ്രൽ റീജിയൺ) ഏരിയകളിലാണ്‌. കൂടാതെ ജിസാൻ, അസിർ, അൽബഹ, നജ്രാൻ (സൗത്ത്‌ റീജിയൺ) , ജ‍ൂഫ്‌,തബുക്ക്‌, ഹയിൽ (നോർത്ത്‌ റീജിയൺ) എന്നി ഭാഗത്തും അൽപ്പം കിഴക്കും പടിഞ്ഞാറും ഭാഗത്തും ആയി ആണ്‌ സ്ഥിതിചെയ്യുന്നത്‌. സൗദി ഗോതമ്പുകയറ്റിയയക്കുന്ന ഒരു രാജ്യം കൂടെയാണ്‌.

ഞാൻ കണ്ടകൃഷിയിടത്തിൽ പുൾ കൂടാതെ തണ്ണിമത്തൻ, തക്കാളി തുടങ്ങിയ പച്ചക്കറികൾ കൂടെ കൃഷിചെയ്യുന്നുണ്ട്‌. അവ നനക്കുന്നത്‌ സാധാരണ പൈപ്പുകളിലൂടെയാണ്‌. അവിടെ റഷാഷിന്റെ ഉപയോഗം വരുന്നില്ല.


സാധാരണ ഗൾഫ്‌ പ്രവാസി എന്നാൽ നമ്മുടെ ഇടയിൽ ഒരു ചിത്രമുണ്ട്‌. എന്നാൽ അതിനുവിപരീതമായി കായികാധ്വാനം കൊണ്ട്‌ മാത്രം ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരുപാട്‌ പേരെ ഞാൻ അവിടെ കണ്ടു. നല്ലൊരു മെക്കാനിക്കിന്‌ ദിവസം ആയിരം ആയിരത്തഞ്ഞൂറു സൗദി റിയാൽ വരെ ലഭ്യമാകും. അതുപോലെ ഇലക്ട്രീഷ്യൻ തുടങ്ങിയ നല്ല പേരെടുത്ത തൊഴിലാളികൾക്കും ലഭ്യമാണ്‌. എത്ര കിട്ടിയാലും ഈ 60 ഡിഗ്രി ചൂടിൽ പണിയെടുക്കുന്നവരെ സമ്മതിക്കുകതന്നെ വേണം. അതികൊണ്ട്‌ തന്നെ അവർ അതിരാവിലെ പണി തുടങ്ങും. ഇക്കാലത്ത്‌ മരുഭൂമിയിൽ സൂര്യൻ രാവിലെ നാലുമണിയായ്കുമ്പോഴെക്കും ഉദിച്ചുയരും. ഇടയിൽ യന്ത്രങ്ങൾക്ക്‌ തകരാറുസംഭവിച്ചാൽ ആണ്‌ അവർ ബുദ്ധിമുട്ട്‌ കൂടുതൽ അനുഭവിക്കുന്നത്‌.

ഇത്തവണ മഴ തീരെലഭ്യമാകാത്തതിനാൽ പുല്ലിന്‌ വില കൂടുമെന്നും പറയുന്നതു കേട്ടു. ലാഭം മൂന്ന്‌ നാല്‌ ഇരട്ടിയാക്കാം എന്നർത്ഥം.

തമിഴൻ ജെയിംസിന്റെ കഥ:
ഒരിക്കൽ അവൻ പട്ടണത്തിൽ വന്നു. ഷർട്ട്‌ വാങ്ങാൻ കടയിൽ കയറി. കടക്കാരൻ എവിടെയാണ്‌ ജോലി എന്നു ചോദിച്ചു. മസ്രയിലാണ്‌ എന്നു പറഞ്ഞു. ഉടൻ പാവം! ഒരു ഷർട്ട്‌ എടുത്തവന്‌ സൗജന്യമായി വാഗ്ദാനം ചെയ്തു. ജേംസിന്‌ ശുണ്ഠികയറി. നിങ്ങൾ വിചാരിക്കുന്നതുപോലെയുള്ള ആളല്ല ഞാൻ. എനിക്ക്‌ നിങ്ങളേക്കാൾ ദിവസവരുമാനമുണ്ട്‌ എന്ന്‌ പറഞ്ഞ്‌ അവൻ കടയിൽ നിന്ന്‌ ഇറങ്ങി പോന്നു. അവനൊരു ഇലക്ട്രീഷ്യനായിരുന്നു. ദിവസം 1500-2000 റിയാൽ വരുമാനക്കാരൻ. യാതൊരു ചിലവുമില്ലാത്തവൻ. ഒരു സിഗററ്റുവലി കൂടെയില്ല.

എന്നാൽ ഇതിന്റെ ഒരു വിപരീത അനുഭവം കൂടെയുണ്ട്‌. ഞാൻ ചെന്ന ദിവസം അവിടെ ഒരു ആഘോഷമായിരുന്നു. അടുത്തുള്ള മസ്രകളിൽ നിന്നെല്ലാം ആളുകൾ എത്തിയിട്ടുണ്ട്‌. കുടിവെള്ളം മരുഭൂമിയിലെ ഗ്രീൻഫീൾഡ്‌ (ഒറ്റപ്പെട്ടുനിൽക്കുന്ന അരാംകോ, ടെലഫോൺ,ഇലക്ട്രിസിറ്റി തുടങ്ങിയ കമ്പനികളുടെ സൈറ്റുകൾ) സൈറ്റുകളിലേക്ക്‌ എത്തിക്കുന്ന ഒരു മലയാളി ട്രക്ക്‌ ഡ്രൈവർ മരുഭൂമിയിൽ നിന്നും ഒരുത്തനെ കൊണ്ടുവന്നിരിക്കുന്നു. ഏഴുദിവസമായി പാവം ഭക്ഷണം കഴിച്ചിട്ടില്ല. അവശനിലയിൽ കിടക്കുന്ന ഒരാളെ കണ്ട്‌ ട്രക്ക്‌ ഡ്രൈവർ ട്രക്കിൽ കയറ്റി കൊണ്ടുവന്നതാണ്‌. സംസാരശേഷി തിരിച്ചുകിട്ടിയപ്പോൾ അദ്ദേഹം കഥയെല്ലാം പറഞ്ഞു. കോഴിക്കോട്ടുകാരൻ മലയാളി ഖത്തറിൽ ജോലിക്കുവന്നതാണ്‌. ഏഴുപെൺമക്കൾ. ഒരുത്തിയുടെ കല്യാണത്തിന്‌ പൈസയുണ്ടാക്കാൻ കടൽ കയറിയതാണ്‌. ഖത്തറിൽ ജോലി മരുഭൂമിയിൽ ഒട്ടകത്തിനെ മേക്കുക. ഖഫീലിന്റെ തല്ലും കുത്തും ഒപ്പമുള്ളവന്റെ പാരകളും സഹിക്കുവാൻ വയ്യാതെ അവൻ ചാടി. ഒപ്പമുള്ള തമിഴൻ അവനെ മറ്റൊരു ഖത്തറിക്ക്‌ മറിച്ച്‌ വിൽക്കാൻ ശ്രമിക്കുകയാണെന്നറിഞ്ഞപ്പോൾ അവൻ ചാടിയതാണത്രെ. മരുഭൂമിയിലൂടെ അനവധി ദൂരം ദിക്കറിയാതെ അലഞ്ഞു. എങ്ങനേയോ നമ്മുടെ ട്രക്ക്‌ ഡ്രൈവറുടെ കണ്ണിൽപെട്ടു. അതിനാൽ ജീവൻ രക്ഷപ്പെട്ടു. ഖത്തറിലെത്തിയ ആൾ ഇപ്പോൾ സൗദിയിൽ! മരുഭൂമിക്കെന്തതിർത്തി! എന്റെ സുഹൃത്ത്‌ തന്നെ രാത്രി വണ്ടി ഓടിച്ച്‌ തിരിച്ച്‌ മെയിൻ റോട്ടിലെത്താതെ ഇരൂനൂറോളം കിലോമീറ്ററുകൾ കറങ്ങി! അവസാനം ഒരു ബദുവിനെ കണ്ടപ്പോൾ അദ്ദേഹം വഴികാണിച്ചു തന്നതാണ്‌. ഇത്‌ മെയിൻ റോട്ടിൽ നിന്നും വലിയ അകലത്തൊന്നുമല്ല, വെറും 3-4 കിലോമീറ്റർ ഉള്ളിൽ മരുഭൂമിയിൽ.

മലയാളി എല്ലായിടത്തും ഒരുപോലെയാണ്‌. ഞാൻ ഒരു പഴയതറവാട്ടിൽ നിന്നുമാണ്‌ വരുന്നതെന്നറിഞ്ഞ ഒരാൾ എന്നോട്‌ ഒരു ബിസിനസ്സ്‌ നിർദ്ദേശം പറഞ്ഞു. എന്റെ ഇല്ലത്ത്‌ പഴയ പിച്ചള ഓട്ടുപാത്രങ്ങൾ വിഗ്രഹങ്ങൾ എന്നിവ വല്ലതുമുണ്ടെങ്കിൽ അവയിൽ ഇറിഡിയം അംശം ഉണ്ടോ എന്നു പരീക്ഷിച്ചു നോക്കാൻ. ഇതിനായി അരി അവയിൽ പറ്റിപിടിച്ചിരിക്കുന്നോ എന്നു നോക്കിയാൽ മതി എന്നും അദ്ദേഹം പറഞ്ഞു തന്നു. അങ്ങനെയുള്ളവയാണെങ്കിൽ 400 കോടി രൂപവരെ തരാൻ തയ്യാറാണെന്നും, അവന്റെ ഒരു കൂട്ടുകാരന്‌ 40 കോടി അഡ്വാൻസ്‌ കൊടുത്ത്‌ സാധനം മറിച്ച്‌ വിൽക്കാൻ കാത്തിരിക്കുകയാണെന്നും ഒക്കെ അദ്ദേഹം എന്നോട്‌ പറഞ്ഞു. ഇതിൽ സത്യമെത്ര എന്നൊന്നും ഞാൻ നോക്കാൻ പോയില്ല. 400 കോടി രൂപയുടെ ആസ്തിയുള്ളവനാണ്‌ ഞാനെങ്കിൽ, എന്നെ മറ്റൊരു സുകുമാരക്കുറുപ്പാക്കാനെന്തു വിഷമം? പിന്നെ ഇറിഡിയം കണ്ടന്റ്‌ എന്നതിൽ എനിക്കത്ര വിശ്വാസവും ഇല്ല. അതിലുപരി ഇല്ലത്തുള്ള വിഗ്രഹങ്ങൾ പരമ്പരയാപൂജിക്കപ്പെടുന്നതാണ്‌. ഒരു ജനാപരമ്പരയുടെ വിശ്വാസം അതിലുണ്ട്‌. അവരുടെ പ്രതീക്ഷകളും നൊമ്പരങ്ങളും എല്ലാമടങ്ങിയ ഒരു വിശ്വാസത്തിന്‌ 400 കോടി രൂപ മതിയോ? ഞനെന്തിന്‌ തലപുണ്ണാക്കണം?

ദോര എന്നു പറയുന്ന ചോളം ആണ്‌ ഇകിടെ വിതക്കുന്നത്‌. ഇന്ത്യൻ വിത്താണത്രെ അത്‌. വിത്തിനും വളത്തിനുമെല്ലാമായി ഏകഡേശം 30 ആയിരം റിയാൽ വരും 30 ഹെക്റ്റർ സ്ഥലത്തിന്‌. മൂന്നു മാസം കൊണ്ട്‌ വിളയിച്ചെടുക്കാം. ഒരു കെട്ടിന്‌ 11 മുതൽ 15 റിയാൽ വരെ കിട്ടും അങ്ങനെ 15000 കെട്ടുവരെ കിട്ടും. ഒരു വിളമാത്രമേ കിട്ടൂ. അതിൽ എകഡേശം 60-70 ആയിരം റിയാൽ ലാഭമുണ്ടാക്കാം. 46 ഹെക്ടറിന്‌ 3 കിലോമീറ്റർ ചുറ്റളവു വരും.

Wednesday, December 26, 2007

ഹജ്ജ് (വെറുതെ ഒരു വിചാരം)

പണ്ട്‌ പണ്ട്‌ പത്ത്‌ മുപ്പത്‌ കൊല്ലങ്ങള്‍ക്കുമുമ്പ്‌, ഭൂമിയും ആകാശവും ഉള്‍പ്പെട്ട ഉത്സവകാലമായിരുന്ന ബാല്യകാലം.

കൂട്ടുകുടുംബം, വലിയ തറവാട്‌.

ധാരാളം ആളുകള്‍ നിത്യേന സന്ദര്‍ശകര്‍. എല്ലാവരും വളരെ നല്ലവര്‍.

അങ്ങനെ അറബി മാഷ്‌ എന്ന്‌ ഞങ്ങള്‍ വിളിക്കുന്ന മൗലവിജി എന്ന്‌ അച്ഛനും വല്യച്ഛനും മറ്റുള്ളവരുമൊക്കെ വിളിക്കുന്ന എന്റെ അറബി മാഷ്‌ ഒരു ദിവസം ഞങ്ങളുടെ കണക്ക്‌ ട്യൂഷന്‍ മാസ്റ്ററായി ഇല്ലത്തു വന്നു. മാഷ്‌ ഞങ്ങളുടെ നാട്ടുകരാനല്ലായിരുന്നു. പക്ഷെ അച്ഛനും വല്ല്യച്ഛനും ജോലിചെയ്യുന്ന സ്കൂളില്‍ അറബി മാഷായി വന്നതാണ്‌. (ഞാന്‍ പഠിച്ച സ്കൂളും ഇതുതന്നെ.) പിന്നീട്‌ ഞങ്ങളുടെ നാട്ടില്‍ സ്ഥിരതാമസക്കാരനായി.

കണക്കിന്‌ സ്വതേ അത്ര മോശക്കാരനല്ലാതിരുന്നിട്ടുകൂടി ഞാനും മാഷ്‌ടെ ട്യൂഷന്‍ ക്ലാസ്സില്‍ ചേര്‍ന്നു. ഇല്ലത്തെ പത്തായപ്പുരയിലായിരുന്നു ക്ലാസ്സ്‌. ഞങ്ങള്‍ ബാലന്മാരുടെ താവളവും അതുതന്നെ.

മാഷ്‌ ഒരിക്കലും ശാസിച്ചിരുന്നില്ല. എത്ര തവണ വേണമെങ്കിലും വിശദീകരിച്ചു തരും. മാഷ്‌ടെ ക്ഷമയും സാത്വികഭാവവും ആയിരുന്നിരിക്കാം ഞങ്ങള്‍ കുട്ടികള്‍ക്ക്‌ മാഷെ ഇഷ്ടപ്പെടാന്‍ കാരണം.

പലപ്പോഴും മാഷ്‌ തന്റെ പൂര്‍വ്വകാലം പറഞ്ഞു തന്നിരുന്നു. സയന്‍സ്‌ ആയിരുന്നു മാഷക്ക്‌ ഏറ്റവും വലിയ പ്രശ്നം. ഭൂമിപരന്നെതെന്ന് മദ്രസയിലും സ്കൂളില്‍ തിരിച്ചും. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ "സ്മാരകശിലകള്‍" വായിച്ചപ്പോള്‍ കൂടുതല്‍ ഇക്കാര്യങ്ങള്‍ മനസ്സിലായി. അതെന്തായാലും ഈ വൈരുദ്ധ്യമാണോ ദാരിദ്ര്യമാണോ നാലാം ക്ലാസ്സില്‍ പഠിപ്പ്‌ നിര്‍ത്താന്‍ മാഷെ പ്രേരിപ്പിച്ചത്‌ എന്ന്‌ ഞങ്ങള്‍ കുട്ടികള്‍ ആലോചിച്ചിരുന്നില്ല. അത്‌ ഞങ്ങളുടെ പ്രശ്നമേ ആയിരുന്നില്ല. വയസ്സിന്‌ മൂത്തതായിരുന്നെങ്കിലും പലപ്പോഴും ഞങ്ങളിലൊരുവനായിരുന്നു മാഷ്‌. അതുകൊണ്ട്‌ ബഹുമാനം കൂടിയതേ ഉള്ളൂ.

ഇല്ലത്ത്‌ ധാരാളം ആളുകള്‍ നിത്യേന സന്ദര്‍ശകരായുണ്ടായിരുന്നെങ്കിലും ഒരാളെ മറ്റൊരാളില്‍ നിന്ന്‌ വേര്‍തിരിച്ചു കാണാന്‍ ഞങ്ങള്‍ക്കറിയുമായിരുന്നില്ല. അതൊന്നും ആരും ഞങ്ങളെ പഠിപ്പിച്ചിരുന്നുമില്ല.

ഇല്ലത്ത്‌ സ്ഥിരം ശീട്ടുകളിക്കാന്‍ വന്നിരുന്ന ഹസ്സന്‍ മാഷെ കണ്ട്‌ ഞങ്ങളുടെ ബന്ധുക്കളായ സന്ദര്‍ശകര്‍ പറയുമായിരുന്നു, ഇദ്ദേഹം ഒരുനാള്‍ നമ്പൂരിയാവുമെന്ന്‌. അതെന്താണെന്ന് ഞങ്ങള്‍ ഒരിക്കലും ആലോചിച്ചിരുന്നില്ല. വല്യച്ഛന്റേയും അച്ഛന്റേയും ഒക്കെ കിടയിലുള്ള ആളാണെന്നതിനാല്‍ ബഹുമാനിക്കണം എന്നുമാത്രമേ അറിയാവൂ. തെക്കിണിവരെ വന്ന്‌ അവരുടെ കൂടെ ഊണുകഴിക്കുമായിരുന്നെങ്കിലും അതിനപ്പുറം എന്തുകൊണ്ടവര്‍ വരുന്നില്ല എന്നൊന്നും ഞങ്ങള്‍ക്കറിയുമായിരുന്നില്ല. കുളിക്കാതെ ഞങ്ങള്‍പോലും ശ്രീലാകത്തിന്റെ പരിസരത്തു വന്നാല്‍ മുത്തശ്ശ്യമ്മമാര്‍ ചീത്തപറയും. അപ്പോ പിന്നെ കൂടുതല്‍ എന്താലോചിക്കാന്‍?

അറബി മാഷ്‌ എനിക്ക്‌ പത്താം ക്ലാസ്സുവരെ കണക്കിന്‌ ട്യൂഷന്‍ എടുത്തു. കണക്ക്‌ എന്നൊന്നുമില്ല, മറ്റേതു വിഷയമാണെങ്കിലും ഞങ്ങള്‍ ജോയന്റ്‌ സ്റ്റഡി നടത്തി എന്ന്‌ പറയാം. കുറച്ചു ഒഴിവുസമയം കിട്ടിയാല്‍ അച്ഛനും മറ്റും ഉമ്മറത്തിരിക്കുന്നുണ്ടെങ്കില്‍ സ്കൂളുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യും, അല്ലെങ്കില്‍ സ്കൂളിലെ കണക്കു പുസ്തകങ്ങളില്‍ തലപൂഴ്ത്തി ഇരിക്കും. അതുകഴിഞ്ഞാല്‍ സ്ഥലത്തെ പള്ളിയില്‍ ബാങ്കുവിളിക്കാന്‍ പോകും. അപ്പോള്‍ "മാപ്ല തൊള്ളട്ടു, കുളത്തില്‍ പോകട്ടെ" എന്നാണ്‌ മുത്തശ്ശ്യമ്മ പോലും പറയുക.

കാലം കഴിഞ്ഞു. ബാല്യകാലവും ഉത്സവക്കാലവുമെല്ലാം മാറി. നാട്ടില്‍ പോകുന്ന സമയത്ത്‌ ഇപ്പോഴും മാഷെ ദൂരെ കണ്ടാല്‍ പോലും അറിയാതെ എഴുന്നേറ്റ്‌ മടിക്കുത്തഴിച്ച്‌ നില്‍ക്കും. ധാരാളം വര്‍ത്തമാനം പറയും. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാണും. എന്റെ വിശ്വാസങ്ങളും മാഷ്‌ടെ വിശ്വാസങ്ങളും തമ്മില്‍ ഒരിക്കലും ഒരു തവണപോലും കലഹമുണ്ടായിട്ടില്ല. മാത്രമല്ല മുത്തശ്ശ്യമ്മയുടെ ദിനചര്യക്കുപൊലും ഒരു പരസ്പര ആശ്രതിത്വം ഉണ്ടായിരുന്നു.

റിയാദിലാണ്‌ ഞാന്‍ എന്ന് മാഷക്കുമാത്രമല്ല എന്നെ അറിയുന്ന നാട്ടുകാര്‍ക്കൊക്കെ അറിയാം. ധാരാളം നാട്ടുകാര്‍ ഇക്കാലയളവില്‍ ഹജ്ജ്‌ ചെയ്തു പോയി. ഇക്കൊല്ലം ഹജ്ജ്‌ സീസണില്‍ മാഷ്‌ ഹജ്ജ്‌ ചെയ്യാന്‍ വന്നിരിക്കുന്നു. ബഹുമാന്യരായ ഒരു നാട്ടുകാരനെങ്കിലും എന്നേയോ എന്റെ കുടുംബാംഗങ്ങളേയോ അറിയിച്ചിട്ടില്ല സൗദി സന്ദര്‍ശന വിവരം. ഒരു പക്ഷെ എന്റെ പ്രശ്നമായിരിക്കാം അതെന്ന്‌ ഞാനെപ്പോഴും സമാധാനിക്കും. പക്ഷെ ഇത്തവണ എന്തോ എനിക്ക്‌ സമാധാനിക്കാന്‍ കഴിയുന്നില്ല. മാഷ്‌ എന്നെ വിവരമറിയിച്ചിരുന്നെങ്കില്‍ ഒന്നു പോയി കാണാമായിരുന്നു എന്നൊരു തോന്നല്‍. അല്ല വിഷമം.

ബക്രീദ്‌ പ്രമാണിച്ച്‌ എനിക്ക്‌ ഓഫീസില്‍ അവധിയൊന്നുമുണ്ടായിരുന്നില്ല. എല്ലാം പതിവുപോലെ. വൈകുന്നേരം വന്ന്‌ തെക്കും വടക്കും നടക്കുന്നതിനിടയില്‍ കുറച്ച്‌ പാട്ട്‌ കേള്‍ക്കാമെന്നു കരുതി, രുഗ്മാംഗദ ചരിതം വെച്ചു. ഇബ്രാഹിം നബിയുടെ കഥ അല്‍പ്പം അറിയാമായിരുന്നതിനാല്‍ റൂം മേറ്റിനോട്‌ ചോദിച്ച്‌ കൂടുതല്‍ മനസ്സിലാക്കി. രുഗ്മാംഗദ ചരിതവും ഇക്കഥയും തമ്മിലുള്ള സാജാത്യം ഞാന്‍ അറിഞ്ഞു.

ഇത്തരം വിവിധ സംസ്കാരങ്ങള്‍ തമ്മിലുള്ള ബന്ധം യാദൃശ്ചികമായി എങ്കിലും എനിക്ക്‌ നിരീക്ഷിക്കാന്‍ തോന്നാറുണ്ട്‌. അത്ഭുതം ഒട്ടുമേ തോന്നാറില്ല. അതൊക്കെ അങ്ങനെയാകണം എന്നാണ്‌ തോന്നാറുള്ളത്‌.

പുതിയ കവികളുടെ രീതികളാണ്‌ ചേരാത്ത അര്‍ത്ഥങ്ങളുള്ള പദങ്ങളെ ചേര്‍ത്ത്‌ പുതിയ അര്‍ത്ഥം സൃഷ്ടിക്കുക എന്നത്‌. ഒരു ഉദാഹരണം പറയാം: മണല്‍പച്ച. ഇതുപോലെയാണ്‌ മുകളില്‍ പറഞ്ഞ സാജാത്യങ്ങളും.

ഊത്തക്കാട്‌ വെങ്കിട സുബ്ബയ്യരും കൃഷ്ണഗാഥാകാരനായ ചെറുശ്ശേരിയും. ഉഹദ് യുദ്ധത്തില്‍ ഹിന്ദ്‌ എന്ന സ്ത്രീ ശത്രുവിനെ കൊന്ന്‌ അവന്റെ കരള്‍ കടിച്ച്‌ യുദ്ധഭൂമിയാകെ അട്ടഹസിച്ച്‌ നടന്നു എന്ന കഥ കേട്ടപ്പോള്‍ എനിക്ക്‌ ദുശ്ശാസനവധവും രൗദ്രഭീമനും ഒക്കെയാണ്‌ ഓര്‍മ്മ വന്നത്‌.

ഇതിലൊക്കെ ഞാന്‍ കാണുന്നത്‌ നിയതമായ അക്ഷരസംഹിതകളില്‍ നിന്ന്‌ ഉയര്‍ന്ന് പൊങ്ങിയ അര്‍ത്ഥത്തെയാണ്‌. ഈ അര്‍ത്ഥം ലോകത്തെ ഏതു സംസ്കാരത്തിലും മതത്തിലും ഒന്നു തന്നെ.

ജനശക്തി മാസികയില്‍ ഹമീദ്‌ ചേന്നമംഗലൂര്‍ "മാനവ സംസ്കാരം ആരുടെ സംസ്കാരം" എന്ന പേരില്‍ നല്ല ലേഖനം എഴുതിയിരിക്കുന്നു.

Thursday, May 24, 2007

മണിമുത്തുകള്‍

തുളസി, രേഷ്മ, പൊന്നപ്പന്‍ എന്നിവരൊന്നും ഒരു പാരഗ്രാഫിലധികം എഴുതരുത് എന്ന് നിയമം കൊണ്ടുവരണം.
ആറ്റിക്കുറുക്കി കുഴമ്പ് രൂപത്തിലായേ വായിക്കാന്‍ രസള്ളൂ.
പൊന്നപ്പന്‍ വല്ലാതെ വലിച്ചുനീട്ടുന്നു പ്പോ. വെള്ളം ചേര്‍ക്കണത് കൊറക്കാന്‍ പറയണം. ന്യൂസിലാന്റില്‍ പാല്‍ ധാരാളമുണ്ടല്ലൊ. പിന്നെന്തിനാ?

(ഞാനിന്ന് ശകാരം ചോദിച്ച് മേടിക്കും)

Tuesday, October 03, 2006

ഡിജിറ്റല്‍ മീഡിയ - ഒരു കെട്ടുകാഴ്ച്ച

കഴിഞ്ഞ വ്യാഴാഴ്ച്ച ഇരുപത്തിയഞ്ച്‌ മുപ്പതുപേരുടെ മുന്‍പില്‍ ഒരു കെട്ടുകാഴ്ച്ച (പ്രസന്റേഷന്‍) അവതരിപ്പിക്കാനുള്ള അവസരം കിട്ടി.
ഡിജിറ്റല്‍ മീഡിയായും അതിന്റെ പ്രത്യേകതകളും പറഞ്ഞ്‌, വിക്കിയെപ്പറ്റിയും പിന്നീട്‌ ബ്ലോഗുകളെപ്പറ്റിയും പറഞ്ഞു.
അവസാനിപ്പിച്ചത് വരമൊഴിയുടെ ചെറിയ ഒരു ക്ലാസ്സ്‌ കൂടെ എടുത്തയിരുന്നു. അതിന് എന്നെ സഹായിക്കാന്‍ ഒരാളുകൂടെ ഉണ്ടായി. സദസ്സില്‍ നിന്നുള്ള ആവശ്യമായിരുന്നു വരമൊഴി ക്ലാസ്സ്.
അത്രയും നല്ലത്‌. പിന്നെന്താ‍ാ‍ാ‍ാ‍ാ?

Saturday, September 09, 2006

മുതുര്‍ശ്ശ്യമ്പൂരിയുടെ വേളി

വി.എം.അരവിന്ദിന്റെ ഫോട്ടോ
http://www.imagesta tion.com/ album/pictures. html?id=21021420 66
ആല്‍ബം
“സാധനം” എന്റെ അനിയനാണേ...

Sunday, May 14, 2006

അമ്മ

അമ്മ