Thursday, August 07, 2008

ഹരദ് യാത്ര

സൗദി അറേബ്യയിലും കൃഷി ഉണ്ട്‌. പക്ഷെ നമ്മുടെ നാട്ടിലേതു പോലെ പാരമ്പര്യമായി ഉള്ളതൊന്നും അല്ല. പലതും വളരെ വലിയ മൂലധന നിക്ഷേപം നടത്തി ചെയ്യുന്നതാണ്‌.

2 ദിവസം മുമ്പ്‌ ഞാൻ അങ്ങനെ കൃഷി നടത്തുന്ന ഒന്ന്‌ രണ്ട്‌ സ്ഥലങ്ങളിൽ പോയി. അവർ ഒട്ടകത്തിനും പശുക്കൾക്കുമൊക്കെ തിന്നാനുള്ള പുല്ലാണ്‌ ഉണ്ടാക്കുന്നത്‌.

മരുഭൂമി ആണെങ്കിൽ കൂടെ ഇവിടെ വെള്ളം ഇല്ലാതില്ല. അതിന്‌ പക്ഷെ നമ്മുടെ നാട്ടിൽ ലഭ്യമായ ജലസ്രോതസ്സുകളിൽ നിന്നും വ്യത്യാസമുണ്ട്‌. ഇവിടെ രണ്ട്‌ തരത്തിൽ വെള്ളം ലഭ്യമാക്കുന്നുണ്ട്‌. ഒന്നാമതായി കടൽ ജലം ശുദ്ധീകരിച്ച്‌ ഉപയോഗിക്കുന്നു. ഇതിനായി ധാരാളം ഡീസാലിനേഷൻ പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്‌. വലിയ മുതൽ മുടക്കുള്ള പദ്ധതികളാണിവ. ഇത്തരം ജലമാണ്‌ കുടിവെള്ളമായി ഉപയോഗിക്കുന്നത്‌.


സുലഭമായ പെട്രോൾ പോലെ തന്നെ ഇവിടേയും വെള്ളം ഖനനം ചെയ്യപ്പെടുന്നുണ്ട്‌. ഫോസിൽ ജലം എന്നാണ്‌ ഇത്തരം വെള്ളതിനെ പറയുന്നത്‌. ഭൂമിയുടെ അടിത്തട്ടിലെ പാറക്കെട്ടുകൾക്കിടയിൽ ഏകദേശം പതിനായിരം മുതൽ 2 മില്യൺ വർഷങ്ങൾക്ക്‌ മുൻപെ ജലം എങ്ങനേയോ സംഭരിക്കപ്പെട്ടിരുന്നു. പ്രകൃതിയുടെ പലവിധത്തിലുള്ള കളികൾ. അത്തരം വെള്ളം അടിത്തട്ടിലെ പാറതുരന്ന്‌ പുറത്തെടുക്കുന്നു. ഖനനം ചെയ്യപ്പെടുന്നു എന്നല്ലാതെ എന്തു പറയാൻ? ഇത്തരം ജലതിനെയാൺ ഫോസിൽ ജലം എന്നു പറയുന്നത്‌. ഫോസിൽ ജലം വീണ്ടും വീണ്ടും ഉറഞ്ഞുകൂടുന്നതല്ല, മറിച്ച്‌ അവ പാത്രത്തിലെ വെള്ളം പോലെ ഒഴിച്ചു കളഞ്ഞാൽ ജലം തീരും എന്ന അവസ്ഥയാണ്‌.


സൗദി അറേബ്യയിൽ പ്രകൃതിയുടെ ഇത്തരം ജലസംഭരണികൾ ഭൂമിയുടെ അടിത്തട്ടിൽ ധാരാളമുണ്ട്‌. നാം കാണുന്ന സ്ഥലം വറ്റി വരണ്ട്‌ മരുഭൂമി തന്നെ, പക്ഷെ അടിത്തട്ടിൽ ജലസംഭരണികളിൽ ജലം ഉണ്ട്‌. അതിലെ ജലം വൃക്ഷലതാദികൾക്ക്‌ ലഭ്യമാകുന്ന തരത്തിലുള്ളതല്ല. അതിലും താഴെയാണ്‌ എന്നർത്ഥം. ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിൽ താഴേക്ക്‌ പോകണം ചിലഭാഗങ്ങളിൽ. എന്നാൽ മറ്റുചില ഭാഗങ്ങളിൽ അധികം താഴേക്കു കുഴിക്കാതെ തന്നെ ജലം കിട്ടും. ഈ ജലം നാട്ടിലെ ബോർവെൽ പോലെ കുഴിച്ച്‌ അലുമിനിയമോ ഗാൽവനൈസ്ഡ്‌ പൈപ്പുകളോ ഇറക്കി മോട്ടോർ പമ്പ്‌ ഉപയോഗിച്ച്‌ പുറത്തേക്ക്‌ പമ്പ്‌ ചെയ്യുന്നു. അതിനായി വലിയ ഒരു സെറ്റപ്‌ തന്നെ ആവശ്യമാണ്‌. പ്രധാനമായും വൈദ്യുതിയുടെ ലഭ്യത. അതിനയി കൂറ്റൻ ഡീസൽ ജനറേറ്ററുകൾ ഉപയോഗിക്കുന്നു. ഇവ ദിവസത്തിൽ 22-23 മണിക്കൂറുകൾ പണിയെടുക്കും. ഈ ജനറേറ്ററുകളിൽ നിന്നുമാണ്‌ ഫാമിലെ ജോലിക്കാരുടെ താമസസ്ഥലങ്ങളിലേക്കും ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നത്‌. റെയിൽപാളത്തിനടുത്തുള്ളവരുടെ വീടുകൾ പോലെയാണ്‌ അവരുടെ സ്ഥിതി. എപ്പോഴും ഇരമ്പം കേൾക്കാം.

ഇങ്ങനെ പമ്പ്‌ ചെയ്യപ്പെടുന്ന ജലം സെന്റർ പിവോട്ട്‌ ഇറിഗേഷൻ എന്നു പറയുന്ന സംവിധാനം ഉപയോഗിച്ച്‌ വിളനിലത്തിലേക്കെത്തിക്കുന്നു. റഷാഷ്‌ എന്നാണ്‌ ഇതിനെ നാട്ടുകാർ പറയുന്നത്‌. ഇത്‌ ഒരു തരത്തിൽ വൃത്താകാരത്തിൽ കറങ്ങിക്കൊണ്ടേയിരിക്കുന്ന ഓവർഹെഡ്‌ സ്പ്രിങ്ക്ലർ സിസ്റ്റം ആണ്‌. ബോർവെല്ലിന്റെ അറ്റത്തുനിന്നും പമ്പ്‌ ചെയ്യപ്പെടുന്ന കുഴൽ മുതൽ നീളത്തിൽ അനവധി അലുമിനിയുമോ അല്ലെങ്കിൽ ഗാൽവനയ്സ്ഡ്‌ സ്റ്റീൽ പൈപ്പുകളോ കോർത്തിണക്കി അതിനുതാഴെ കൂടെ ജലം വഹിക്കുന്ന പൈപ്പുകൾ ഇടുന്നു. ജലം വഹിക്കുന്ന പൈപ്പുകളീ‍ീൽ പലഭാഗത്തായി ഇടവിട്ട്‌ ഇടവിട്ട്‌ സ്പ്രിക്ലറുകൾ ഉണ്ട്‌. ഇവ ഓരോന്നും പ്രത്യേകം പ്രത്യേകം ജലപ്രവാഹം അഡ്ജസ്റ്റ്‌ ചെയ്യാവുന്ന തരത്തിലുള്ളതാണ്‌. അലൂമിനിയം പൈപ്പുകൾ സത്യത്തിൽ ജലവാഹിനി പൈപ്പുകൾക്കുള്ള ഒരു താങ്ങാണ്‌. ഓരോ സ്റ്റീൽ പൈപ്പുകൾക്കും രണ്ടറ്റത്തും ചക്രങ്ങൾ ഘടിപ്പിച്ചിരിക്കും. ഈ ചക്രങ്ങൾ അവയെ താങ്ങിനിർത്തുന്നതോടൊപ്പം വൃത്താകാരത്തിൽ കറങ്ങാനും സഹായിക്കുന്നു. ഒരു പൈപ്പ്‌ ഒരു ടവർ എന്നാണിവർ പറയുന്നത്‌. അങ്ങനെ ഒരു റഷാഷിൽ 8 മുതൽ 12 വരെ ടവറുകൾ ഉണ്ടായിരിക്കാം. ഏകദേശം 400 മീറ്റർ നീളം വരെയുള്ള റഷാഷുകൾ ഉണ്ട്‌. ടവറുകളുടെ എണ്ണം സ്ഥലത്തെ ജലലഭ്യതയ്ക്കനുസരിച്ചായിരിക്കൂം. ഒരു ടവറിന്റെ രണ്ടറ്റത്തുമുള്ള ടയറുകൾക്ക്‌ (ട്രാക്ടറിന്റെ ടയറുകളേപ്പോലെയാണവ) പ്രത്യേകം പ്രത്യേകം ഗിയറുകൾ ഉണ്ട്‌. ഈ ഗിയറുകളെല്ലാം തന്നെ പ്രത്യേകം പ്രത്യേകം അഡ്ജസ്റ്റ്‌ ചെയ്ത്‌ ടവറിന്റെ വൃത്തത്തിലുള്ള ചലനവേഗം നിയന്ത്രിക്കാവുന്നതണ്‌.


സൗദി അറേബ്യയിലെ കൃഷിസ്ഥലങ്ങളുടെ പകുതിയിലധികവും റിയാദ്‌, ഖസീം (സ്ന്റ്രൽ റീജിയൺ) ഏരിയകളിലാണ്‌. കൂടാതെ ജിസാൻ, അസിർ, അൽബഹ, നജ്രാൻ (സൗത്ത്‌ റീജിയൺ) , ജ‍ൂഫ്‌,തബുക്ക്‌, ഹയിൽ (നോർത്ത്‌ റീജിയൺ) എന്നി ഭാഗത്തും അൽപ്പം കിഴക്കും പടിഞ്ഞാറും ഭാഗത്തും ആയി ആണ്‌ സ്ഥിതിചെയ്യുന്നത്‌. സൗദി ഗോതമ്പുകയറ്റിയയക്കുന്ന ഒരു രാജ്യം കൂടെയാണ്‌.

ഞാൻ കണ്ടകൃഷിയിടത്തിൽ പുൾ കൂടാതെ തണ്ണിമത്തൻ, തക്കാളി തുടങ്ങിയ പച്ചക്കറികൾ കൂടെ കൃഷിചെയ്യുന്നുണ്ട്‌. അവ നനക്കുന്നത്‌ സാധാരണ പൈപ്പുകളിലൂടെയാണ്‌. അവിടെ റഷാഷിന്റെ ഉപയോഗം വരുന്നില്ല.


സാധാരണ ഗൾഫ്‌ പ്രവാസി എന്നാൽ നമ്മുടെ ഇടയിൽ ഒരു ചിത്രമുണ്ട്‌. എന്നാൽ അതിനുവിപരീതമായി കായികാധ്വാനം കൊണ്ട്‌ മാത്രം ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരുപാട്‌ പേരെ ഞാൻ അവിടെ കണ്ടു. നല്ലൊരു മെക്കാനിക്കിന്‌ ദിവസം ആയിരം ആയിരത്തഞ്ഞൂറു സൗദി റിയാൽ വരെ ലഭ്യമാകും. അതുപോലെ ഇലക്ട്രീഷ്യൻ തുടങ്ങിയ നല്ല പേരെടുത്ത തൊഴിലാളികൾക്കും ലഭ്യമാണ്‌. എത്ര കിട്ടിയാലും ഈ 60 ഡിഗ്രി ചൂടിൽ പണിയെടുക്കുന്നവരെ സമ്മതിക്കുകതന്നെ വേണം. അതികൊണ്ട്‌ തന്നെ അവർ അതിരാവിലെ പണി തുടങ്ങും. ഇക്കാലത്ത്‌ മരുഭൂമിയിൽ സൂര്യൻ രാവിലെ നാലുമണിയായ്കുമ്പോഴെക്കും ഉദിച്ചുയരും. ഇടയിൽ യന്ത്രങ്ങൾക്ക്‌ തകരാറുസംഭവിച്ചാൽ ആണ്‌ അവർ ബുദ്ധിമുട്ട്‌ കൂടുതൽ അനുഭവിക്കുന്നത്‌.

ഇത്തവണ മഴ തീരെലഭ്യമാകാത്തതിനാൽ പുല്ലിന്‌ വില കൂടുമെന്നും പറയുന്നതു കേട്ടു. ലാഭം മൂന്ന്‌ നാല്‌ ഇരട്ടിയാക്കാം എന്നർത്ഥം.

തമിഴൻ ജെയിംസിന്റെ കഥ:
ഒരിക്കൽ അവൻ പട്ടണത്തിൽ വന്നു. ഷർട്ട്‌ വാങ്ങാൻ കടയിൽ കയറി. കടക്കാരൻ എവിടെയാണ്‌ ജോലി എന്നു ചോദിച്ചു. മസ്രയിലാണ്‌ എന്നു പറഞ്ഞു. ഉടൻ പാവം! ഒരു ഷർട്ട്‌ എടുത്തവന്‌ സൗജന്യമായി വാഗ്ദാനം ചെയ്തു. ജേംസിന്‌ ശുണ്ഠികയറി. നിങ്ങൾ വിചാരിക്കുന്നതുപോലെയുള്ള ആളല്ല ഞാൻ. എനിക്ക്‌ നിങ്ങളേക്കാൾ ദിവസവരുമാനമുണ്ട്‌ എന്ന്‌ പറഞ്ഞ്‌ അവൻ കടയിൽ നിന്ന്‌ ഇറങ്ങി പോന്നു. അവനൊരു ഇലക്ട്രീഷ്യനായിരുന്നു. ദിവസം 1500-2000 റിയാൽ വരുമാനക്കാരൻ. യാതൊരു ചിലവുമില്ലാത്തവൻ. ഒരു സിഗററ്റുവലി കൂടെയില്ല.

എന്നാൽ ഇതിന്റെ ഒരു വിപരീത അനുഭവം കൂടെയുണ്ട്‌. ഞാൻ ചെന്ന ദിവസം അവിടെ ഒരു ആഘോഷമായിരുന്നു. അടുത്തുള്ള മസ്രകളിൽ നിന്നെല്ലാം ആളുകൾ എത്തിയിട്ടുണ്ട്‌. കുടിവെള്ളം മരുഭൂമിയിലെ ഗ്രീൻഫീൾഡ്‌ (ഒറ്റപ്പെട്ടുനിൽക്കുന്ന അരാംകോ, ടെലഫോൺ,ഇലക്ട്രിസിറ്റി തുടങ്ങിയ കമ്പനികളുടെ സൈറ്റുകൾ) സൈറ്റുകളിലേക്ക്‌ എത്തിക്കുന്ന ഒരു മലയാളി ട്രക്ക്‌ ഡ്രൈവർ മരുഭൂമിയിൽ നിന്നും ഒരുത്തനെ കൊണ്ടുവന്നിരിക്കുന്നു. ഏഴുദിവസമായി പാവം ഭക്ഷണം കഴിച്ചിട്ടില്ല. അവശനിലയിൽ കിടക്കുന്ന ഒരാളെ കണ്ട്‌ ട്രക്ക്‌ ഡ്രൈവർ ട്രക്കിൽ കയറ്റി കൊണ്ടുവന്നതാണ്‌. സംസാരശേഷി തിരിച്ചുകിട്ടിയപ്പോൾ അദ്ദേഹം കഥയെല്ലാം പറഞ്ഞു. കോഴിക്കോട്ടുകാരൻ മലയാളി ഖത്തറിൽ ജോലിക്കുവന്നതാണ്‌. ഏഴുപെൺമക്കൾ. ഒരുത്തിയുടെ കല്യാണത്തിന്‌ പൈസയുണ്ടാക്കാൻ കടൽ കയറിയതാണ്‌. ഖത്തറിൽ ജോലി മരുഭൂമിയിൽ ഒട്ടകത്തിനെ മേക്കുക. ഖഫീലിന്റെ തല്ലും കുത്തും ഒപ്പമുള്ളവന്റെ പാരകളും സഹിക്കുവാൻ വയ്യാതെ അവൻ ചാടി. ഒപ്പമുള്ള തമിഴൻ അവനെ മറ്റൊരു ഖത്തറിക്ക്‌ മറിച്ച്‌ വിൽക്കാൻ ശ്രമിക്കുകയാണെന്നറിഞ്ഞപ്പോൾ അവൻ ചാടിയതാണത്രെ. മരുഭൂമിയിലൂടെ അനവധി ദൂരം ദിക്കറിയാതെ അലഞ്ഞു. എങ്ങനേയോ നമ്മുടെ ട്രക്ക്‌ ഡ്രൈവറുടെ കണ്ണിൽപെട്ടു. അതിനാൽ ജീവൻ രക്ഷപ്പെട്ടു. ഖത്തറിലെത്തിയ ആൾ ഇപ്പോൾ സൗദിയിൽ! മരുഭൂമിക്കെന്തതിർത്തി! എന്റെ സുഹൃത്ത്‌ തന്നെ രാത്രി വണ്ടി ഓടിച്ച്‌ തിരിച്ച്‌ മെയിൻ റോട്ടിലെത്താതെ ഇരൂനൂറോളം കിലോമീറ്ററുകൾ കറങ്ങി! അവസാനം ഒരു ബദുവിനെ കണ്ടപ്പോൾ അദ്ദേഹം വഴികാണിച്ചു തന്നതാണ്‌. ഇത്‌ മെയിൻ റോട്ടിൽ നിന്നും വലിയ അകലത്തൊന്നുമല്ല, വെറും 3-4 കിലോമീറ്റർ ഉള്ളിൽ മരുഭൂമിയിൽ.

മലയാളി എല്ലായിടത്തും ഒരുപോലെയാണ്‌. ഞാൻ ഒരു പഴയതറവാട്ടിൽ നിന്നുമാണ്‌ വരുന്നതെന്നറിഞ്ഞ ഒരാൾ എന്നോട്‌ ഒരു ബിസിനസ്സ്‌ നിർദ്ദേശം പറഞ്ഞു. എന്റെ ഇല്ലത്ത്‌ പഴയ പിച്ചള ഓട്ടുപാത്രങ്ങൾ വിഗ്രഹങ്ങൾ എന്നിവ വല്ലതുമുണ്ടെങ്കിൽ അവയിൽ ഇറിഡിയം അംശം ഉണ്ടോ എന്നു പരീക്ഷിച്ചു നോക്കാൻ. ഇതിനായി അരി അവയിൽ പറ്റിപിടിച്ചിരിക്കുന്നോ എന്നു നോക്കിയാൽ മതി എന്നും അദ്ദേഹം പറഞ്ഞു തന്നു. അങ്ങനെയുള്ളവയാണെങ്കിൽ 400 കോടി രൂപവരെ തരാൻ തയ്യാറാണെന്നും, അവന്റെ ഒരു കൂട്ടുകാരന്‌ 40 കോടി അഡ്വാൻസ്‌ കൊടുത്ത്‌ സാധനം മറിച്ച്‌ വിൽക്കാൻ കാത്തിരിക്കുകയാണെന്നും ഒക്കെ അദ്ദേഹം എന്നോട്‌ പറഞ്ഞു. ഇതിൽ സത്യമെത്ര എന്നൊന്നും ഞാൻ നോക്കാൻ പോയില്ല. 400 കോടി രൂപയുടെ ആസ്തിയുള്ളവനാണ്‌ ഞാനെങ്കിൽ, എന്നെ മറ്റൊരു സുകുമാരക്കുറുപ്പാക്കാനെന്തു വിഷമം? പിന്നെ ഇറിഡിയം കണ്ടന്റ്‌ എന്നതിൽ എനിക്കത്ര വിശ്വാസവും ഇല്ല. അതിലുപരി ഇല്ലത്തുള്ള വിഗ്രഹങ്ങൾ പരമ്പരയാപൂജിക്കപ്പെടുന്നതാണ്‌. ഒരു ജനാപരമ്പരയുടെ വിശ്വാസം അതിലുണ്ട്‌. അവരുടെ പ്രതീക്ഷകളും നൊമ്പരങ്ങളും എല്ലാമടങ്ങിയ ഒരു വിശ്വാസത്തിന്‌ 400 കോടി രൂപ മതിയോ? ഞനെന്തിന്‌ തലപുണ്ണാക്കണം?

ദോര എന്നു പറയുന്ന ചോളം ആണ്‌ ഇകിടെ വിതക്കുന്നത്‌. ഇന്ത്യൻ വിത്താണത്രെ അത്‌. വിത്തിനും വളത്തിനുമെല്ലാമായി ഏകഡേശം 30 ആയിരം റിയാൽ വരും 30 ഹെക്റ്റർ സ്ഥലത്തിന്‌. മൂന്നു മാസം കൊണ്ട്‌ വിളയിച്ചെടുക്കാം. ഒരു കെട്ടിന്‌ 11 മുതൽ 15 റിയാൽ വരെ കിട്ടും അങ്ങനെ 15000 കെട്ടുവരെ കിട്ടും. ഒരു വിളമാത്രമേ കിട്ടൂ. അതിൽ എകഡേശം 60-70 ആയിരം റിയാൽ ലാഭമുണ്ടാക്കാം. 46 ഹെക്ടറിന്‌ 3 കിലോമീറ്റർ ചുറ്റളവു വരും.

2 comments:

keralainside.net said...

Your post is being listed by www.keralainside.net.
It is not categorised please submit your blog post category details to us using GET CATOGERISED option..( When ever you write next blog post please submit your blog post category details to us)
this website is under test run will be fully functional from the 15th of August
Thank You..

Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com